ബലാത്സംഗക്കേസ്: വേടന് മുന്‍കൂര്‍ ജാമ്യം, സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് മുന്‍കൂര്‍ ജാമ്യം. വ്യവസ്ഥകളോടെയാണ് വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. കേസെടുത്തതു മുതല്‍ ഒളിവിലാണ് വേടന്‍. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ ആ ബന്ധത്തെ ബലാത്സംഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടന്‍ കോടതിയില്‍ വാദിച്ചത്. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു, പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. വിഷാദത്തിലായതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നായിരുന്നു വേടന്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോള്‍ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നിയമ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നു അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു.